Thursday 2 August 2012

കനവ്

                                                                     കനവ്


കോട്ടക്കലിലേക്കുള്ള ബസിൽ ഇരുന്നപ്പോൾ പഴയ ഒരോ കാര്യങ്ങൾ മനസ്സിലേക്ക് വന്നു.ഇന്ന് അവരെയെല്ലാം വീണ്ടും കാണാൻ പൊകുന്നു. മൂന്ന് വർഷങ്ങൾ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു.എല്ലാ ഞായറാഴ്ച്ചകളിലും കുറേ ചിരിയും സന്തോഷവും സൌഹൃദവും അറിവും ഒക്കെ ആയി സ്നേഹത്തിൽ ചാലിച്ച ദിവസങ്ങൾ.ഒരുമിച് ഒരു തണുത ഡിസംബറിൽ വയനാട്ടിലെ ‘കനവി’ൽ ചിലവിട്ട ദിവസങ്ങൽ. ‘കനവ് ’ അതെങ്ങനെ വർണ്ണിക്കണമെന്ന് എനിക്കറിയില്ല. അവിടെ ആ ദേശത്തെ കുറേ ആ​‍ാദിവാസി ഗോത്രങ്ങളിലെ കുട്ടികൾ വന്നിരുന്നു, പഠിച്ചിരുന്നു,പാട്ട് പാടിയിരുന്നു, നൃത്തം വച്ചിരുന്നു.അവർക്കൊപ്പം പാടി, വട്ടത്തിൽ നൃത്തം ചെയ്ത ആ രാത്രി, ഒരു മറവിക്കും എന്നിൽ നിന്നും പറിച്ച് കളയാൻ പറ്റാത്ത ഓർമ്മകൾ.വയനാട്ടിലെ ആ തണുപ്പിൽ കഥകൾ പറഞ്ഞ് കാട്ടിലൂടെ നടന്നതും കാട്ടുപൊയ്കയിൽ കുളിച്ചതും എല്ലാം ചിത്രങ്ങളെ പോലെ മുന്നിൽ വന്ന് നിന്നു.ഒരു വല്ലാത്ത നഷ്ടബോധം ! കാലത്തിൽ കുറേ പിന്നോട്ട് പോയി വീണ്ടും അതൊക്കെ അനുഭവിക്കൻ പറ്റിയിരുന്നെങ്കിൽ
ഇന്നവരെ കാണുമ്പോൾ എല്ലാം പറയാമല്ലോ അങ്ങനെയെങ്കിലും അത് പുന:സൃഷ്ടിക്കാം.അൽ-അസർ സ്കൂളിന്റെ ബസിൽ തിരുവനന്തപുരത്തേക്കുള്ള യാത്ര അന്നാണു അവരെയെല്ലാം അവസാനമായി കണ്ടത്, ഏഴു വർഷം മുമ്പ്. എല്ലാവരും കുറേ മാറിക്കാണും.ആ ബന്ധങ്ങൾ സൂക്ഷിക്കാൻ പറ്റാത്തതിൽ എനിക്ക് കുറ്റബൊധം തോന്നി.ഫോണിലൂടെയെങ്കിലും ഇപ്പോൾ ബന്ധമുള്ളത് പ്രദീപിനോട് മാത്രമാണു, വളരെ അപൂർവമായി അഞ്ജലിയോടും
“കോട്ടക്കൽ സ്റ്റാന്റൊക്കെ എറങ്ങിക്കൊ.....” കണ്ടക്ടർ വിളിച്ച് പറഞ്ഞു.കോട്ടക്കൽ എത്തിയത് ഞാൻ അറിഞ്ഞില്ല.ഒരു ‘വെള്ളം’ കുടിച്ചിട്ട് ഓട്ടോക്ക് പോകാം.ബസ് സ്റ്റാന്റിൽ തന്നെയുള്ള കൂൾബാറിൽ നിന്ന് ഒരു നാരങ്ങാ വെള്ളവും കുടിച്ച് നില്ക്കുമ്പോൾ ബസ് സ്റ്റാന്റ് ബിൽഡിങ്ങിന്റെ രണ്ടാം നിലയിലുള്ള ടീ ഷോപ്പ് കണ്ടു. അവിടെ നിന്ന് ഒരുപാട് ചായയും വടയും കഴിച്ചിട്ടുണ്ട് ഞാനും പ്രദീപും വിപിനും.ഒന്നവിടെ കേറി ഒരു ചായ കൂടി കുടിച്ചാലോ...അല്ലെങ്കിൽ വേണ്ട അവരെയെല്ലാവരെയും കൂട്ടി വരാം,പോകുമ്പോൾ ആവട്ടെ.
റോഡിലേക്കിറങ്ങി ഒരു ഓട്ടോയിൽ കയറി,
“രാജാസിന്റെ അടുത്തുള്ള അധ്യാപക ഭവൻ”. രാജാസ് ഹൈസ്കൂൾ എനിക്ക് വളരെ പരിചിതമാണെങ്കിലും അധ്യാപക ഭവൻ ഞാൻ കണ്ടിട്ടില്ല.അത് ഈ ഇടക്ക് വന്നതാണു.രാജാസിന്റെ ഗേറ്റിനു മുന്നിൽ ഓട്ടോ നിർത്തി.
“ദ് ക്കൂടെ നേരെ പോയാ മതി” ഓട്ടോക്കാരൻ സ്കൂളിനുള്ളിലേക്കുള്ള വഴി കാണിച്ചിട്ട് പറഞ്ഞു.ഗേറ്റിനുള്ളിലേക്ക് കയറിയപ്പോൾ തന്നെ ബോർഡ് കണ്ടു “അധ്യാപക ഭവൻ”. ഞാൻ അവിടേക്ക് കയറി
ഉള്ളിൽ നിന്നും ആരുടേയോ പ്രസംഗം കേൾക്കുന്നു.പപ്പൻ മാഷാണെന്ന് തോന്നുന്നു.അതെ എന്റെ ഊഹം തെറ്റിയില്ല.ഞാൻ ഹാളിനുള്ളിലേക്ക് കയറി.കുറേ പേരുണ്ട്.എന്നെ കണ്ടപ്പോൾ പപ്പൻ മാഷ് മൈക്കിലൂടെ തന്നെ വിളിച്ചു പരഞ്ഞു “ആ കേറി വാ,ഇവിടേക്ക് ഇരുന്നോളു”.അവിടെ ഒഴിഞ്ഞ രണ്ട് കസേരകളുണ്ട്.ഞാൻ അങ്ങോട്ട് നടക്കുമ്പോൾ അവിടെയുള്ള എല്ലാ മുഖങ്ങളിലേക്കും കണ്ണോടിച്ചു,പരിചയമുള്ളവ കണ്ടെത്താൻ.പക്ഷെ എന്റെ മനസ്സ് വലിയ ഒരു നിരാശയിലേക്ക് വഴുതി വീണു.അവരാരും തന്നെ ഇല്ല.പപ്പൻ മാഷ്ടെ സംസാരം പലതും ഞാൻ കേട്ടില്ല,ചിലത് മാത്രം കേട്ടു.എന്റെ സ്വപ്നങ്ങൾ പൊലിഞ്ഞതിന്റെ നിരാശയായിരുന്നു എന്റെ മനസ്സ് മുഴുവൻ.മാഷ് സംസാരിച്ചു കഴിഞ്ഞപ്പോൾ എല്ലാവരും ചായ കുടിക്കാൻ എണീറ്റു.ഞാൻ മഷ്ടെ അടുത്തേക്ക് ചെന്നു
“എന്റെ കൂടെയുള്ള ആരും വന്നില്ലേ മാഷേ”
“ആ താൻ 2001ൽ വന്ന ബാച്ചിലുള്ളതല്ലേ,ആരും ഇല്ലാന്നാ തോന്നണത് ട്ടോ, ഐഷ വിളിച്ചിരുന്നു,വരാൻ പറ്റില്ലെന്ന് പറഞ്ഞ്,ചെറിയ കുട്ടിയുള്ളതല്ലേ.വേറെ ആരുടേം വിവരമൊന്നുമില്ല.എല്ലാവക്കൊന്നും ക്ഷണക്കത്തും കിട്ടീട്ടുണ്ടാവില്ല,പഴേ വിലാസൊക്കെ മാറീട്ടുണ്ടാവും,പുതിയ ബാച്ച് കാരാ മിക്കവാറും വന്നിട്ടുള്ളത്,അനിയന്മാരേം,അനിയത്തിമാരേം ഒക്കെ പരിചയപ്പെട്ട്”.മാഷെ ആരോ വന്ന് വിളിച്ചു അപ്പൊഴേക്കും.
ഞാൻ ചായയുമായി ഒറ്റക്ക് നിന്നു.പുറകിൽ നിന്ന് ആരോ വിളിച്ചത് കേട്ട് ഞാൻ തിരിഞ്ഞു നോക്കി “മനസിലായോ,ഇല്ല അല്ലേ”
“ഇല്ല”
“ഞാനും 2001 ബാച്ചാണു,പക്ഷേ മിക്കവാറും ഞാൻ വരറില്ലായിരുന്നു,വന്നാലും നിങ്ങളുടെ ടീമിൽ ഇല്ലായിരുന്നു,എന്റെ പേരു നിഷാദ്”
“ഓ ഇപ്പോ എവിടേയാ”
“ഞാൻ കോഴിക്കോട് ആണു”
“ഉള്ളിൽ തുടങ്ങീന്ന് തോന്നുന്നു,കേറാം അല്ലെ”
“വാ”
ഓരോരുത്തരായി മുന്നിൽ ചെന്ന് നിന്ന് സ്വയം പരിചയപ്പെടുത്തി,പ്രതിഭാ സംഗമം (അതാണു ഈ സംരഭത്തിന്റെ പേരു)അനുഭവങ്ങൾ പറയുന്നു.എനിക്കത്ഭുതം തോന്നി,കുറച്ച് അസൂയയും,എത്ര മനോഹരമായാണു ഈ പ്രായത്തിലേ സംസാരിക്കുന്നത്.ഞാനും ഒരു ‘ചടങ്ങിനു’ കേറി പരിചയപ്പെടുത്തി.പുതിയ സുഹൃത്തുക്കളെ കുറേ പേരേ പരചയപ്പെട്ടു,മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്നവർ
ഉച്ചക്ക് ഊണു കഴിച്ച് മാഷോടും നിഷാദിനോടും യാത്ര പറഞ്ഞ് ഞാൻ ഇറങ്ങി.നല്ല വെയിലായിരുന്നു.പണ്ടൊക്കെ ഇവിടത്തെ പരിപാടിയെല്ലാം കഴിഞ്ഞാൽ ഞങ്ങളെല്ലവരും കൂടി ബസ് സ്റ്റാന്റ് വരെ നടക്കുമായിരുന്നു.എന്നാൽ പിന്നെ നടന്നു കളയാമെന്ന് ഞാൻ വിചാരിച്ചു.റോഡിലേക്കിറങ്ങി ചങ്കുവെട്ടി ലക്ഷ്യം വച്ച് നടന്നു.തൃശ്ശൂർ-കോഴിക്കോട് ബസ്സുകൾ ചീറി പാഞ്ഞ് പോകുന്നുണ്ടായിരുന്നു.ഓരോ ബസ് കടന്ന് പൊവുമ്പോഴും ഞാൻ ദൈവത്തോട് നന്ദി പറഞ്ഞു.കാരണം അത്രക്ക് ദൈവ കടാക്ഷം ഉണ്ടെങ്കിലേ ഈ റോഡിലൂടെ ഒരു കിലോമീറ്റർ ജീവനോടെ നടക്കാൻ പറ്റൂ.അന്നൊക്കെ ഒരു ഇട റോഡിലൂടെയാണു ഞങ്ങൾ പോയിരുന്നത്.പക്ഷേ എനിക്കത് കണ്ടുപിടിക്കാൻ പറ്റിയില്ല.കുറേ നടന്നു.കുറച്ച് ദൂരേ ചങ്കുവെട്ടി ജംക്ഷൻ കാണാം.പക്ഷേ ഇനി ഒരടി എനിക്ക് നടക്കാൻ വയ്യ,തളർന്ന് പോയി.ഓട്ടോയിൽ ഞാൻ ബസ് സ്റ്റാന്റിൽ പോയി ഇറങ്ങി.പെരിന്തല്മണ്ണയിലേക്കുള്ള ഒരു ബസ് നീങ്ങിത്തുടങ്ങിയിരുന്നു,ഞാൻ അതിൽ ചാടിക്കയറി.ഭാഗ്യം! സീറ്റുണ്ട്.ഞാൻ ചാരി ഇരുന്നു.നടന്ന ക്ഷീണം കൊണ്ടാവണം ഞാൻ കണ്ണടച്ച് പോയി.വീണ്ടും പഴയ വർണ്ണ ചിത്രങ്ങൾ എന്റെ മുന്നിൽ വന്നു നിന്നു."സോറി ചങ്ങായീ ലീവ് കിട്ടീലാ ,പരിപാട്യൊക്കെ ഉഷാറായില്ലേ "
ഈ തിരക്കു പിടിച്ച ജീവിതത്തിൽ ആശ്വാസമേകാൻ ഈ എസ് എം എസ് കണ്ട് പിടിച്ചതാരാണാവോ!