Tuesday 27 November 2012

സായാഹ്നം

ഒരു നുള്ളു സ്വപ്നങ്ങൾ പോലു -
മില്ലാതെയായ്‌ വരണ്ടുണങ്ങി കരിഞ്ഞൊരീ
സായാഹ്നത്തിലോർക്കാൻ
ഓർക്കുവാൻ നോക്കുന്ന നേരത്തുമോർമ്മകൽ
അറിയാതെ പറയാതെ മാഞ്ഞു പോയി
ശ്യാമ വർണ്ണം പൂണ്ട കേശങ്ങളെല്ലാം
പൊഴിഞ്ഞു പകുതി വെളുത്തു
പകർന്നു നൽകാൻ നെഞ്ചിലൊതുക്കിയ
പ്രണയവും താനെ മറഞ്ഞു പോയി
ഇനിയും ജനിക്കാത്ത വിഫല സ്വപ്നങ്ങൾ
തേടി നടന്നു തളർന്നു പോയി
അകലെ മരുപ്പച്ച കാണുമെന്നോര്‍ത്തു ഞാന്‍
വെറുതെ മണൽക്കാടു താണ്ടി വന്നു
ദിക്കെത്ര താണ്ടി ദിനമെത്ര താണ്ടി
ഇവിടെയീ സായാഹ്നമെത്തീടുവാൻ
ഇനിയും കടാക്ഷിക്കാതെങ്ങു നീ പോയെന്റെ
മരണമേ എന്നിൽ ലയിച്ചീടുക

Monday 26 November 2012

വർഷം

കാർമുകിലെമ്പാടും കണ്ണീരു പൊഴിയുന്ന
തണുപ്പൂറും മഴക്കാലമെവിടെ
മാരിവില്ലൊന്നിനെ നെറ്റിയിൽ ചൂടുന്ന
സുന്ദര മാനമെവിടെ

തേടി നടന്നു ഞാൻ ആ നല്ല നാളുകൾ
ഓർമ്മ തൻ പല്ലക്കിലേറി
വന്നിലൊരിക്കലും വിട്ടു പോകില്ലെ -
ന്നോർത്തൊരു നൽ ദിനങ്ങൾ

Tuesday 20 November 2012

ശലഭ ജന്മം


ആദ്യം തമ്മില്‍ കണ്ടൊരു മാത്രയില്‍
അനുരാഗമെന്നില്‍ ചേര്‍ന്നിരുന്നു 
അനുഭൂതികള്‍ക്കു നീ നിറം പകരുന്നതും 
അറിയാതെ മനതാരിലോര്‍ത്തിരുന്നു 
ഒരിക്കലും മായാത്തോരോര്‍മ്മ തന്‍ ഓലയില്‍ 
എഴുതിയ സുന്ദര കാവ്യമായ് നീ 
ഒരു നല്‍ക്കിനാവിന്‍റെ നീറുന്നൊരോര്‍മ്മയായ് 
ഒഴുകി വന്നെന്തിനു നീ 
നേര്‍ത്തൊരു സുസ്മിതമധരത്തില്‍ ചാര്‍ത്തി നീ 
അരികില്‍ വന്നണയുന്ന നേരം 
നുകരാത്തൊരു നൂറു മുകുളങ്ങള്‍ പ്രാപിച്ച 
ശലഭമൊന്നായ്‌ ഞാന്‍ മാറി 

Saturday 3 November 2012

ദു:ഖപുത്രി

ശീതീകരിച്ച മുറി.അവളുടെ ചുണ്ടുകൾ വിളറിയിരുന്നു.കണ്ണുകൾ അടഞ്ഞു തന്നെ ഇരുന്നു.നിദ്ര,ദിവസങ്ങളായുള്ള നിദ്ര.കൺകോണുകളിൽ ഇടക്കിടെ അശ്രുകണങ്ങൾ ഒഴുകി ചെവിയിലേക്കും കിടക്കയിലേക്കും വീഴുന്നു.ചെയ്തു തീർക്കാൻ ബാക്കിവെച്ച കാര്യങ്ങൾ അലോസരപ്പെടുത്തുന്നതു പോലെ ചുണ്ടുകൾ ഇടക്കിടെ പതുക്കെ ചലിച്ചു,മുടിച്ചിന്തുകൾ വീണുകിടക്കുന്ന നെറ്റിയിൽ ചുളിവുകൾ പ്രത്യക്ഷപ്പെടുന്നു.
           ആറു ദിവസങ്ങൾക്കു മുൻപ്‌,ഒരു വലിയ ശബ്ദം,ഒരമ്പരപ്പ്‌,ഒരു വേദന കുറേ ചോരത്തുള്ളികൾ,ഉറ്റ ചൻഗാതിയുടെ മുഖം രക്തവൃതമാകുന്നത്‌ അവൾക്ക്‌ കാണാമായിരുന്നു.കഴ്ച്ച മങ്ങി,മഞ്ഞു വീണ ചില്ലിലൂടെന്ന പോലെ അവ്യക്തമായ ചലനങ്ങൾ,ശബ്ദങ്ങൾ,പിന്നെ ഇരുട്ട്‌.
          അന്ന് മിങ്ഗോര താഴ്‌വരയിലെ മഞ്ഞപ്പൂക്കൾ നിറഞ്ഞ മരങ്ങൾ, പൂക്കൾ പൊഴിച്ച്‌ അവൾക്ക്‌ പുഷ്പപാത ഒരുക്കി കൊടുത്തു.ഒരു ശബ്ദം മാത്രം ആ താഴ്‌വരയാകെ ഉയർന്നു കേട്ടു,അത്‌ അവളുടേതായിരുന്നു.ഒരു ചെവികളും അത്‌ കേൾക്കുകയല്ല ഉണ്ടായത്‌,പകരം ആയിരം മനസ്സുകൾ അത്‌ ഉള്ളിൽ സ്വീകരിച്ച്‌ അനേകം വിപ്ലവ ചിന്തകൾക്ക്‌ ജന്മം നൽകി.
        ഒരിക്കൽ അവൾ പറയുകയുണ്ടായി,തന്നെക്കുറിച്ച്‌ പത്രത്തിൽ വന്ന ഒരു ലേഖനം തന്റെ പിതാവിനെ കാണിച്ച്‌ ഒരാൾ പറഞ്ഞു "നമ്മുടെ താഴ്‌വരയിലെ ഒരു പെൺകുട്ടിയെ കുറിച്ചുള്ളതാണത്രെ,ഇത്ര ചെറുപ്പത്തിലെ,അവൾ ഭാഗ്യവതിയാൺ " അത്‌ തന്റെ മകളെക്കുറിച്ചാണെന്ന് പറയാൻ ആ പിതാവിനു കഴിഞ്ഞില്ല,ഒരു പുഞ്ചിരി മാത്രം മറുപടിയായ്‌ നൽകി.
           അവൾ അറിവിനെ പ്രേമിച്ചു.കൂടുതൽ കൂടുതൽ ഉള്ളിലേക്കിറങ്ങി അതിന്റെ മധുരം നുകരാൻ അവൾ ആശിച്ചു.എന്നെന്നേക്കുമായി അവളുടെ സ്കൂൾ കവാടം അടഞ്ഞപ്പോൾ അവൾ വിതുമ്പി.തന്റെ ദു:ഖം ഉള്ളിലൊതുക്കിയും കണ്ണീർ ഒഴുക്കിയും തീർക്കുന്ന ഒരു സധാരണ പെൺകുട്ടിയാകാൻ അവൾക്ക്‌ കഴിഞ്ഞില്ല.അവൾ ഉറക്കെ പറഞ്ഞു " ഇത്‌ ഞങ്ങളുടെ അവകാശമാണു " ആ ശബ്ദം താഴ്‌വരകൾ കടന്നു പോയി. മലകൾക്ക്‌ മേൽ ഉയർന്ന് അത്‌ ജ്വലിച്ചു.താൻ നേടിയെടുത്ത അവകാശത്തെ പറ്റി അവൾ അഭിമാനം കൊണ്ടു,സന്തോഷിച്ചു.
    ആ ദിവസം,സ്കൂൾ ബസിൽ കൂട്ടുകാർക്കൊത്ത്‌ കഥ പറഞ്ഞും പഠിപ്പിച്ചും പഠിച്ചും അവൾ ഇരുന്നു.ബസ്സ്‌ പൊടുന്നനെ നിന്നു.തന്റെ പേരു പറഞ്ഞ്‌ പുറത്ത്‌ നിന്ന് ആരോ അന്വേഷിക്കുന്നു.അവൾ പുറത്തേക്ക്‌ നോക്കി തോക്ക്‌ ധാരികളായ രണ്ട്‌ പേർ എല്ലാ ഉറക്കത്തിലും ഏകാന്തതയിലും താൻ പ്രതീക്ഷിച്ച...അതെ...അവർ തന്നെ.ഒരു വലിയ ശബ്ദം,ഒരമ്പരപ്പ്‌,ഒരു വേദന,കുറേ ചോരത്തുള്ളികൾ......