Monday 3 December 2012

ഇരുട്ട്‌ പറഞ്ഞ കഥ

വീടിനു ചുറ്റും ഇരുട്ടിന്റെ പുതപ്പിട്ട്‌ മൂടിയിരുന്നു.എറയത്ത്‌ നിന്നും വെള്ളം ഒറ്റി വീഴുന്ന ശബ്ദം കേൾക്കാം.തണുത്ത കാറ്റ്‌ ആരെയൊ തേടുന്നത്‌ പോലെ ജനൽ പാളികളിലൂടെ എത്തി നോക്കി. ഓരോ കഥയും വായിച്ച്‌ തീരുമ്പോഴും എനിക്ക്‌ തോന്നി " ഇയാൾ ഒരു ഭ്രാന്തൻ സാഹിത്യകാരനാണ്‌  " പൊടുന്നനെ മഴ പെയ്തു.തുള്ളികൾ തൊട്ടടുത്ത വാഴയുടെ ഇലകളിൽ അടിച്ച്‌ ശബ്ദം ഉണ്ടാക്കികൊണ്ടിരുന്നു.അനന്തതയിൽ നിന്ന് കേട്ടു പരിചയമില്ലാത്ത ഏതോ രാഗം ഒഴുകി വരുന്നു.ഈ കറുത്ത മാനം നോക്കി എങ്ങനെ പാടാൻ കഴിയുന്നു എന്നെനിക്ക്‌ തോന്നി
                 മനസ്സ്‌ മുഴുവൻ കറുപ്പാണ്‌ .അങ്ങിംഗ്‌ ചിതറിക്കിടന്ന ദു:ഖാങ്ങൾ എല്ലാം ഒഴുകി ഒരിടത്ത്‌ അടിഞ്ഞു കൂടി.മുഖത്ത്‌ ചിരിയുടെ ചായം തേക്കാൻ ഞാൻ ശ്രമിച്ചു.പക്ഷെ ദു:ഖത്തിന്റെ കറുപ്പ്‌ അവിടിവിടെയായി മുഴച്ചു നിന്നു.
             ഈയിടെയായി ഞാൻ കണ്ണുനീരിനെ വെറുത്തു.സത്യത്തിനെ മറയ്ക്കാനുള്ള മനസ്സിന്റെ കാപട്യമായി ഞാൻ അതിനെ കണ്ടു. ആർദ്രമായ മിഴികളും മനസ്സും എനിക്ക്‌ നഷ്ടപെട്ടിരുന്നു.
അന്നെന്റെ എല്ലാ സ്വപ്നങ്ങളും അവൾക്കായ്‌ കൊടുത്തിരുന്നു. ഒരു ദിവസം അവൾ ചിരിച്ചു.ആ ചിരിയിൽ പൊൻ തൂവലുകൾ വച്ച്‌ ഞാൻ കൊട്ടാരം പണിതു.വ്യർത്ഥ്‌ സങ്കൽപ്പങ്ങളാണെന്ന് പെട്ടെന്ന് എനിക്ക്‌ ബൊധ്യമുണ്ടായി.പക്ഷെ മനസ്സ്‌ എന്നേക്കാൾ വേഗത്തിൽ മുന്നോട്ട്‌ ചലിച്ചു.അവളുടെ കണ്ണുകൾ എന്നോട്‌ സംസാരിച്ചു,എന്റേത്‌ തിരിച്ചും.
                 അതൊരു മഞ്ഞു കാലമായിരുന്നു.ഒരു ദിവസം ഒറ്റക്കൊരു ക്ലാസ്‌ മുറിയിൽ ഇരുന്ന് സ്വപ്നങ്ങൾക്ക്‌ നിറം കൊടുക്കുമ്പോൾ അവളെന്റെ അടുത്ത്‌ വന്നു. " ആ പാട്ട്‌ എനിക്ക്‌ വേണ്ടി പാട്വോ " എനിക്ക്‌ പാടാനറിയില്ലായിരുന്നു.പക്ഷേ പാടി.ഓരോ വരിയും തീരുമ്പോഴും ഞാൻ സങ്കടപ്പെട്ടു,അതൊരിക്കലും തീർന്നു പോകരുതേ എന്നാശിച്ചു.ആ നീലക്കണ്ണുകൾ നോക്കി എന്റെ കണ്ണുകൾ അന്നൊരായിരം തവണ മന്ത്രിച്ചു " ഇതെനിക്കു തരൂ പകരം നിനക്കെന്റെ ജീവൻ തുടിക്കുന്ന ഹൃദയം തരാം "
               മഞ്ഞു കാലവും വേനലും മഴക്കാലവും പൊടുന്നനെ കടന്നു പോയി.ഇപ്പോൾ അവളെ കാണാറില്ല.എല്ലാ ആൾക്കൂട്ടങ്ങളിലും ഞാനാ മുഖമാണ്‌ തിരഞ്ഞത്‌,നോട്ടങ്ങളെല്ലം പക്ഷെ നിരാശയോടെ തിരിച്ചു വന്നു.ഒരിക്കൽ അവളുടെ വീടിന്റെ പടിക്കൽ വരെ ചെന്നു.വീട്ടിൽ കയറി " അവളെവിടെ,എനിക്കവളെ കാണണം " എന്നു പറയാൻ മനസ്സ്‌ മുന്നോട്ടാഞ്ഞു,പക്ഷെ കാലുകൾ മടക്ക യാത്ര തുടങ്ങിയിരുന്നു.ഇന്ന് അമ്പലത്തിൽ ഉത്സവമാണ്‌ . അമ്പലത്തിന്റെ കിഴക്കേ മതിലിനടുത്ത്‌ അവൾ നിൽക്കാറുള്ള സ്ഥലത്തേക്ക്‌ വീണ്ടും വീണ്ടും നോക്കി,ഇല്ല അവളില്ല.
തിരികേ മടങ്ങവെ സുഹൃത്ത്‌ എന്നോട്‌ ചോദിച്ചു
"നീ അറിഞ്ഞില്ലേ "
" എന്ത്‌ "
" അവളുടെ......."
ബാക്കിയുള്ള വാക്കുകൾ ഞാൻ കേട്ടുവോ എന്നറിയില്ല. കേൾക്കാൻ എനിക്ക്‌ കഴിയില്ലായിരുന്നു.ഇരുട്ടിന്‌ വീണ്ടും കനം കൂടി.
ഏതോ കൊടുങ്കാറ്റിൽ പെട്ട്‌ ലക്ഷ്യം തെറ്റിയ കരിയില പോലെ ഞാൻ നീങ്ങി.വീട്ടിലെത്തിയതും തലയിണയിൽ മുഖമമർത്തി കിടന്നതും തികച്ചും യാന്ത്രികമായിരുന്നു.തലയിണ നനയുന്നത്‌ ഞാൻ അറിഞ്ഞു,അതിനു ചൂടായിരുന്നു.എന്റെ മുഖം ചുട്ടുപൊള്ളി.പിന്നീട്‌ തണുപ്പായി.തണുപ്പ്‌ നിദ്രയെ വിളിച്ചുണർത്തി.കണ്ണുകൾ കൺപോളകളെ ചേർത്തു വച്ചു.നിറമുള്ള സ്വപ്നങ്ങൾ വീണ്ടും ഓടിയെത്തി.