Monday 3 December 2012

ഇരുട്ട്‌ പറഞ്ഞ കഥ

വീടിനു ചുറ്റും ഇരുട്ടിന്റെ പുതപ്പിട്ട്‌ മൂടിയിരുന്നു.എറയത്ത്‌ നിന്നും വെള്ളം ഒറ്റി വീഴുന്ന ശബ്ദം കേൾക്കാം.തണുത്ത കാറ്റ്‌ ആരെയൊ തേടുന്നത്‌ പോലെ ജനൽ പാളികളിലൂടെ എത്തി നോക്കി. ഓരോ കഥയും വായിച്ച്‌ തീരുമ്പോഴും എനിക്ക്‌ തോന്നി " ഇയാൾ ഒരു ഭ്രാന്തൻ സാഹിത്യകാരനാണ്‌  " പൊടുന്നനെ മഴ പെയ്തു.തുള്ളികൾ തൊട്ടടുത്ത വാഴയുടെ ഇലകളിൽ അടിച്ച്‌ ശബ്ദം ഉണ്ടാക്കികൊണ്ടിരുന്നു.അനന്തതയിൽ നിന്ന് കേട്ടു പരിചയമില്ലാത്ത ഏതോ രാഗം ഒഴുകി വരുന്നു.ഈ കറുത്ത മാനം നോക്കി എങ്ങനെ പാടാൻ കഴിയുന്നു എന്നെനിക്ക്‌ തോന്നി
                 മനസ്സ്‌ മുഴുവൻ കറുപ്പാണ്‌ .അങ്ങിംഗ്‌ ചിതറിക്കിടന്ന ദു:ഖാങ്ങൾ എല്ലാം ഒഴുകി ഒരിടത്ത്‌ അടിഞ്ഞു കൂടി.മുഖത്ത്‌ ചിരിയുടെ ചായം തേക്കാൻ ഞാൻ ശ്രമിച്ചു.പക്ഷെ ദു:ഖത്തിന്റെ കറുപ്പ്‌ അവിടിവിടെയായി മുഴച്ചു നിന്നു.
             ഈയിടെയായി ഞാൻ കണ്ണുനീരിനെ വെറുത്തു.സത്യത്തിനെ മറയ്ക്കാനുള്ള മനസ്സിന്റെ കാപട്യമായി ഞാൻ അതിനെ കണ്ടു. ആർദ്രമായ മിഴികളും മനസ്സും എനിക്ക്‌ നഷ്ടപെട്ടിരുന്നു.
അന്നെന്റെ എല്ലാ സ്വപ്നങ്ങളും അവൾക്കായ്‌ കൊടുത്തിരുന്നു. ഒരു ദിവസം അവൾ ചിരിച്ചു.ആ ചിരിയിൽ പൊൻ തൂവലുകൾ വച്ച്‌ ഞാൻ കൊട്ടാരം പണിതു.വ്യർത്ഥ്‌ സങ്കൽപ്പങ്ങളാണെന്ന് പെട്ടെന്ന് എനിക്ക്‌ ബൊധ്യമുണ്ടായി.പക്ഷെ മനസ്സ്‌ എന്നേക്കാൾ വേഗത്തിൽ മുന്നോട്ട്‌ ചലിച്ചു.അവളുടെ കണ്ണുകൾ എന്നോട്‌ സംസാരിച്ചു,എന്റേത്‌ തിരിച്ചും.
                 അതൊരു മഞ്ഞു കാലമായിരുന്നു.ഒരു ദിവസം ഒറ്റക്കൊരു ക്ലാസ്‌ മുറിയിൽ ഇരുന്ന് സ്വപ്നങ്ങൾക്ക്‌ നിറം കൊടുക്കുമ്പോൾ അവളെന്റെ അടുത്ത്‌ വന്നു. " ആ പാട്ട്‌ എനിക്ക്‌ വേണ്ടി പാട്വോ " എനിക്ക്‌ പാടാനറിയില്ലായിരുന്നു.പക്ഷേ പാടി.ഓരോ വരിയും തീരുമ്പോഴും ഞാൻ സങ്കടപ്പെട്ടു,അതൊരിക്കലും തീർന്നു പോകരുതേ എന്നാശിച്ചു.ആ നീലക്കണ്ണുകൾ നോക്കി എന്റെ കണ്ണുകൾ അന്നൊരായിരം തവണ മന്ത്രിച്ചു " ഇതെനിക്കു തരൂ പകരം നിനക്കെന്റെ ജീവൻ തുടിക്കുന്ന ഹൃദയം തരാം "
               മഞ്ഞു കാലവും വേനലും മഴക്കാലവും പൊടുന്നനെ കടന്നു പോയി.ഇപ്പോൾ അവളെ കാണാറില്ല.എല്ലാ ആൾക്കൂട്ടങ്ങളിലും ഞാനാ മുഖമാണ്‌ തിരഞ്ഞത്‌,നോട്ടങ്ങളെല്ലം പക്ഷെ നിരാശയോടെ തിരിച്ചു വന്നു.ഒരിക്കൽ അവളുടെ വീടിന്റെ പടിക്കൽ വരെ ചെന്നു.വീട്ടിൽ കയറി " അവളെവിടെ,എനിക്കവളെ കാണണം " എന്നു പറയാൻ മനസ്സ്‌ മുന്നോട്ടാഞ്ഞു,പക്ഷെ കാലുകൾ മടക്ക യാത്ര തുടങ്ങിയിരുന്നു.ഇന്ന് അമ്പലത്തിൽ ഉത്സവമാണ്‌ . അമ്പലത്തിന്റെ കിഴക്കേ മതിലിനടുത്ത്‌ അവൾ നിൽക്കാറുള്ള സ്ഥലത്തേക്ക്‌ വീണ്ടും വീണ്ടും നോക്കി,ഇല്ല അവളില്ല.
തിരികേ മടങ്ങവെ സുഹൃത്ത്‌ എന്നോട്‌ ചോദിച്ചു
"നീ അറിഞ്ഞില്ലേ "
" എന്ത്‌ "
" അവളുടെ......."
ബാക്കിയുള്ള വാക്കുകൾ ഞാൻ കേട്ടുവോ എന്നറിയില്ല. കേൾക്കാൻ എനിക്ക്‌ കഴിയില്ലായിരുന്നു.ഇരുട്ടിന്‌ വീണ്ടും കനം കൂടി.
ഏതോ കൊടുങ്കാറ്റിൽ പെട്ട്‌ ലക്ഷ്യം തെറ്റിയ കരിയില പോലെ ഞാൻ നീങ്ങി.വീട്ടിലെത്തിയതും തലയിണയിൽ മുഖമമർത്തി കിടന്നതും തികച്ചും യാന്ത്രികമായിരുന്നു.തലയിണ നനയുന്നത്‌ ഞാൻ അറിഞ്ഞു,അതിനു ചൂടായിരുന്നു.എന്റെ മുഖം ചുട്ടുപൊള്ളി.പിന്നീട്‌ തണുപ്പായി.തണുപ്പ്‌ നിദ്രയെ വിളിച്ചുണർത്തി.കണ്ണുകൾ കൺപോളകളെ ചേർത്തു വച്ചു.നിറമുള്ള സ്വപ്നങ്ങൾ വീണ്ടും ഓടിയെത്തി.

Tuesday 27 November 2012

സായാഹ്നം

ഒരു നുള്ളു സ്വപ്നങ്ങൾ പോലു -
മില്ലാതെയായ്‌ വരണ്ടുണങ്ങി കരിഞ്ഞൊരീ
സായാഹ്നത്തിലോർക്കാൻ
ഓർക്കുവാൻ നോക്കുന്ന നേരത്തുമോർമ്മകൽ
അറിയാതെ പറയാതെ മാഞ്ഞു പോയി
ശ്യാമ വർണ്ണം പൂണ്ട കേശങ്ങളെല്ലാം
പൊഴിഞ്ഞു പകുതി വെളുത്തു
പകർന്നു നൽകാൻ നെഞ്ചിലൊതുക്കിയ
പ്രണയവും താനെ മറഞ്ഞു പോയി
ഇനിയും ജനിക്കാത്ത വിഫല സ്വപ്നങ്ങൾ
തേടി നടന്നു തളർന്നു പോയി
അകലെ മരുപ്പച്ച കാണുമെന്നോര്‍ത്തു ഞാന്‍
വെറുതെ മണൽക്കാടു താണ്ടി വന്നു
ദിക്കെത്ര താണ്ടി ദിനമെത്ര താണ്ടി
ഇവിടെയീ സായാഹ്നമെത്തീടുവാൻ
ഇനിയും കടാക്ഷിക്കാതെങ്ങു നീ പോയെന്റെ
മരണമേ എന്നിൽ ലയിച്ചീടുക

Monday 26 November 2012

വർഷം

കാർമുകിലെമ്പാടും കണ്ണീരു പൊഴിയുന്ന
തണുപ്പൂറും മഴക്കാലമെവിടെ
മാരിവില്ലൊന്നിനെ നെറ്റിയിൽ ചൂടുന്ന
സുന്ദര മാനമെവിടെ

തേടി നടന്നു ഞാൻ ആ നല്ല നാളുകൾ
ഓർമ്മ തൻ പല്ലക്കിലേറി
വന്നിലൊരിക്കലും വിട്ടു പോകില്ലെ -
ന്നോർത്തൊരു നൽ ദിനങ്ങൾ

Tuesday 20 November 2012

ശലഭ ജന്മം


ആദ്യം തമ്മില്‍ കണ്ടൊരു മാത്രയില്‍
അനുരാഗമെന്നില്‍ ചേര്‍ന്നിരുന്നു 
അനുഭൂതികള്‍ക്കു നീ നിറം പകരുന്നതും 
അറിയാതെ മനതാരിലോര്‍ത്തിരുന്നു 
ഒരിക്കലും മായാത്തോരോര്‍മ്മ തന്‍ ഓലയില്‍ 
എഴുതിയ സുന്ദര കാവ്യമായ് നീ 
ഒരു നല്‍ക്കിനാവിന്‍റെ നീറുന്നൊരോര്‍മ്മയായ് 
ഒഴുകി വന്നെന്തിനു നീ 
നേര്‍ത്തൊരു സുസ്മിതമധരത്തില്‍ ചാര്‍ത്തി നീ 
അരികില്‍ വന്നണയുന്ന നേരം 
നുകരാത്തൊരു നൂറു മുകുളങ്ങള്‍ പ്രാപിച്ച 
ശലഭമൊന്നായ്‌ ഞാന്‍ മാറി 

Saturday 3 November 2012

ദു:ഖപുത്രി

ശീതീകരിച്ച മുറി.അവളുടെ ചുണ്ടുകൾ വിളറിയിരുന്നു.കണ്ണുകൾ അടഞ്ഞു തന്നെ ഇരുന്നു.നിദ്ര,ദിവസങ്ങളായുള്ള നിദ്ര.കൺകോണുകളിൽ ഇടക്കിടെ അശ്രുകണങ്ങൾ ഒഴുകി ചെവിയിലേക്കും കിടക്കയിലേക്കും വീഴുന്നു.ചെയ്തു തീർക്കാൻ ബാക്കിവെച്ച കാര്യങ്ങൾ അലോസരപ്പെടുത്തുന്നതു പോലെ ചുണ്ടുകൾ ഇടക്കിടെ പതുക്കെ ചലിച്ചു,മുടിച്ചിന്തുകൾ വീണുകിടക്കുന്ന നെറ്റിയിൽ ചുളിവുകൾ പ്രത്യക്ഷപ്പെടുന്നു.
           ആറു ദിവസങ്ങൾക്കു മുൻപ്‌,ഒരു വലിയ ശബ്ദം,ഒരമ്പരപ്പ്‌,ഒരു വേദന കുറേ ചോരത്തുള്ളികൾ,ഉറ്റ ചൻഗാതിയുടെ മുഖം രക്തവൃതമാകുന്നത്‌ അവൾക്ക്‌ കാണാമായിരുന്നു.കഴ്ച്ച മങ്ങി,മഞ്ഞു വീണ ചില്ലിലൂടെന്ന പോലെ അവ്യക്തമായ ചലനങ്ങൾ,ശബ്ദങ്ങൾ,പിന്നെ ഇരുട്ട്‌.
          അന്ന് മിങ്ഗോര താഴ്‌വരയിലെ മഞ്ഞപ്പൂക്കൾ നിറഞ്ഞ മരങ്ങൾ, പൂക്കൾ പൊഴിച്ച്‌ അവൾക്ക്‌ പുഷ്പപാത ഒരുക്കി കൊടുത്തു.ഒരു ശബ്ദം മാത്രം ആ താഴ്‌വരയാകെ ഉയർന്നു കേട്ടു,അത്‌ അവളുടേതായിരുന്നു.ഒരു ചെവികളും അത്‌ കേൾക്കുകയല്ല ഉണ്ടായത്‌,പകരം ആയിരം മനസ്സുകൾ അത്‌ ഉള്ളിൽ സ്വീകരിച്ച്‌ അനേകം വിപ്ലവ ചിന്തകൾക്ക്‌ ജന്മം നൽകി.
        ഒരിക്കൽ അവൾ പറയുകയുണ്ടായി,തന്നെക്കുറിച്ച്‌ പത്രത്തിൽ വന്ന ഒരു ലേഖനം തന്റെ പിതാവിനെ കാണിച്ച്‌ ഒരാൾ പറഞ്ഞു "നമ്മുടെ താഴ്‌വരയിലെ ഒരു പെൺകുട്ടിയെ കുറിച്ചുള്ളതാണത്രെ,ഇത്ര ചെറുപ്പത്തിലെ,അവൾ ഭാഗ്യവതിയാൺ " അത്‌ തന്റെ മകളെക്കുറിച്ചാണെന്ന് പറയാൻ ആ പിതാവിനു കഴിഞ്ഞില്ല,ഒരു പുഞ്ചിരി മാത്രം മറുപടിയായ്‌ നൽകി.
           അവൾ അറിവിനെ പ്രേമിച്ചു.കൂടുതൽ കൂടുതൽ ഉള്ളിലേക്കിറങ്ങി അതിന്റെ മധുരം നുകരാൻ അവൾ ആശിച്ചു.എന്നെന്നേക്കുമായി അവളുടെ സ്കൂൾ കവാടം അടഞ്ഞപ്പോൾ അവൾ വിതുമ്പി.തന്റെ ദു:ഖം ഉള്ളിലൊതുക്കിയും കണ്ണീർ ഒഴുക്കിയും തീർക്കുന്ന ഒരു സധാരണ പെൺകുട്ടിയാകാൻ അവൾക്ക്‌ കഴിഞ്ഞില്ല.അവൾ ഉറക്കെ പറഞ്ഞു " ഇത്‌ ഞങ്ങളുടെ അവകാശമാണു " ആ ശബ്ദം താഴ്‌വരകൾ കടന്നു പോയി. മലകൾക്ക്‌ മേൽ ഉയർന്ന് അത്‌ ജ്വലിച്ചു.താൻ നേടിയെടുത്ത അവകാശത്തെ പറ്റി അവൾ അഭിമാനം കൊണ്ടു,സന്തോഷിച്ചു.
    ആ ദിവസം,സ്കൂൾ ബസിൽ കൂട്ടുകാർക്കൊത്ത്‌ കഥ പറഞ്ഞും പഠിപ്പിച്ചും പഠിച്ചും അവൾ ഇരുന്നു.ബസ്സ്‌ പൊടുന്നനെ നിന്നു.തന്റെ പേരു പറഞ്ഞ്‌ പുറത്ത്‌ നിന്ന് ആരോ അന്വേഷിക്കുന്നു.അവൾ പുറത്തേക്ക്‌ നോക്കി തോക്ക്‌ ധാരികളായ രണ്ട്‌ പേർ എല്ലാ ഉറക്കത്തിലും ഏകാന്തതയിലും താൻ പ്രതീക്ഷിച്ച...അതെ...അവർ തന്നെ.ഒരു വലിയ ശബ്ദം,ഒരമ്പരപ്പ്‌,ഒരു വേദന,കുറേ ചോരത്തുള്ളികൾ......

Thursday 2 August 2012

കനവ്

                                                                     കനവ്


കോട്ടക്കലിലേക്കുള്ള ബസിൽ ഇരുന്നപ്പോൾ പഴയ ഒരോ കാര്യങ്ങൾ മനസ്സിലേക്ക് വന്നു.ഇന്ന് അവരെയെല്ലാം വീണ്ടും കാണാൻ പൊകുന്നു. മൂന്ന് വർഷങ്ങൾ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു.എല്ലാ ഞായറാഴ്ച്ചകളിലും കുറേ ചിരിയും സന്തോഷവും സൌഹൃദവും അറിവും ഒക്കെ ആയി സ്നേഹത്തിൽ ചാലിച്ച ദിവസങ്ങൾ.ഒരുമിച് ഒരു തണുത ഡിസംബറിൽ വയനാട്ടിലെ ‘കനവി’ൽ ചിലവിട്ട ദിവസങ്ങൽ. ‘കനവ് ’ അതെങ്ങനെ വർണ്ണിക്കണമെന്ന് എനിക്കറിയില്ല. അവിടെ ആ ദേശത്തെ കുറേ ആ​‍ാദിവാസി ഗോത്രങ്ങളിലെ കുട്ടികൾ വന്നിരുന്നു, പഠിച്ചിരുന്നു,പാട്ട് പാടിയിരുന്നു, നൃത്തം വച്ചിരുന്നു.അവർക്കൊപ്പം പാടി, വട്ടത്തിൽ നൃത്തം ചെയ്ത ആ രാത്രി, ഒരു മറവിക്കും എന്നിൽ നിന്നും പറിച്ച് കളയാൻ പറ്റാത്ത ഓർമ്മകൾ.വയനാട്ടിലെ ആ തണുപ്പിൽ കഥകൾ പറഞ്ഞ് കാട്ടിലൂടെ നടന്നതും കാട്ടുപൊയ്കയിൽ കുളിച്ചതും എല്ലാം ചിത്രങ്ങളെ പോലെ മുന്നിൽ വന്ന് നിന്നു.ഒരു വല്ലാത്ത നഷ്ടബോധം ! കാലത്തിൽ കുറേ പിന്നോട്ട് പോയി വീണ്ടും അതൊക്കെ അനുഭവിക്കൻ പറ്റിയിരുന്നെങ്കിൽ
ഇന്നവരെ കാണുമ്പോൾ എല്ലാം പറയാമല്ലോ അങ്ങനെയെങ്കിലും അത് പുന:സൃഷ്ടിക്കാം.അൽ-അസർ സ്കൂളിന്റെ ബസിൽ തിരുവനന്തപുരത്തേക്കുള്ള യാത്ര അന്നാണു അവരെയെല്ലാം അവസാനമായി കണ്ടത്, ഏഴു വർഷം മുമ്പ്. എല്ലാവരും കുറേ മാറിക്കാണും.ആ ബന്ധങ്ങൾ സൂക്ഷിക്കാൻ പറ്റാത്തതിൽ എനിക്ക് കുറ്റബൊധം തോന്നി.ഫോണിലൂടെയെങ്കിലും ഇപ്പോൾ ബന്ധമുള്ളത് പ്രദീപിനോട് മാത്രമാണു, വളരെ അപൂർവമായി അഞ്ജലിയോടും
“കോട്ടക്കൽ സ്റ്റാന്റൊക്കെ എറങ്ങിക്കൊ.....” കണ്ടക്ടർ വിളിച്ച് പറഞ്ഞു.കോട്ടക്കൽ എത്തിയത് ഞാൻ അറിഞ്ഞില്ല.ഒരു ‘വെള്ളം’ കുടിച്ചിട്ട് ഓട്ടോക്ക് പോകാം.ബസ് സ്റ്റാന്റിൽ തന്നെയുള്ള കൂൾബാറിൽ നിന്ന് ഒരു നാരങ്ങാ വെള്ളവും കുടിച്ച് നില്ക്കുമ്പോൾ ബസ് സ്റ്റാന്റ് ബിൽഡിങ്ങിന്റെ രണ്ടാം നിലയിലുള്ള ടീ ഷോപ്പ് കണ്ടു. അവിടെ നിന്ന് ഒരുപാട് ചായയും വടയും കഴിച്ചിട്ടുണ്ട് ഞാനും പ്രദീപും വിപിനും.ഒന്നവിടെ കേറി ഒരു ചായ കൂടി കുടിച്ചാലോ...അല്ലെങ്കിൽ വേണ്ട അവരെയെല്ലാവരെയും കൂട്ടി വരാം,പോകുമ്പോൾ ആവട്ടെ.
റോഡിലേക്കിറങ്ങി ഒരു ഓട്ടോയിൽ കയറി,
“രാജാസിന്റെ അടുത്തുള്ള അധ്യാപക ഭവൻ”. രാജാസ് ഹൈസ്കൂൾ എനിക്ക് വളരെ പരിചിതമാണെങ്കിലും അധ്യാപക ഭവൻ ഞാൻ കണ്ടിട്ടില്ല.അത് ഈ ഇടക്ക് വന്നതാണു.രാജാസിന്റെ ഗേറ്റിനു മുന്നിൽ ഓട്ടോ നിർത്തി.
“ദ് ക്കൂടെ നേരെ പോയാ മതി” ഓട്ടോക്കാരൻ സ്കൂളിനുള്ളിലേക്കുള്ള വഴി കാണിച്ചിട്ട് പറഞ്ഞു.ഗേറ്റിനുള്ളിലേക്ക് കയറിയപ്പോൾ തന്നെ ബോർഡ് കണ്ടു “അധ്യാപക ഭവൻ”. ഞാൻ അവിടേക്ക് കയറി
ഉള്ളിൽ നിന്നും ആരുടേയോ പ്രസംഗം കേൾക്കുന്നു.പപ്പൻ മാഷാണെന്ന് തോന്നുന്നു.അതെ എന്റെ ഊഹം തെറ്റിയില്ല.ഞാൻ ഹാളിനുള്ളിലേക്ക് കയറി.കുറേ പേരുണ്ട്.എന്നെ കണ്ടപ്പോൾ പപ്പൻ മാഷ് മൈക്കിലൂടെ തന്നെ വിളിച്ചു പരഞ്ഞു “ആ കേറി വാ,ഇവിടേക്ക് ഇരുന്നോളു”.അവിടെ ഒഴിഞ്ഞ രണ്ട് കസേരകളുണ്ട്.ഞാൻ അങ്ങോട്ട് നടക്കുമ്പോൾ അവിടെയുള്ള എല്ലാ മുഖങ്ങളിലേക്കും കണ്ണോടിച്ചു,പരിചയമുള്ളവ കണ്ടെത്താൻ.പക്ഷെ എന്റെ മനസ്സ് വലിയ ഒരു നിരാശയിലേക്ക് വഴുതി വീണു.അവരാരും തന്നെ ഇല്ല.പപ്പൻ മാഷ്ടെ സംസാരം പലതും ഞാൻ കേട്ടില്ല,ചിലത് മാത്രം കേട്ടു.എന്റെ സ്വപ്നങ്ങൾ പൊലിഞ്ഞതിന്റെ നിരാശയായിരുന്നു എന്റെ മനസ്സ് മുഴുവൻ.മാഷ് സംസാരിച്ചു കഴിഞ്ഞപ്പോൾ എല്ലാവരും ചായ കുടിക്കാൻ എണീറ്റു.ഞാൻ മഷ്ടെ അടുത്തേക്ക് ചെന്നു
“എന്റെ കൂടെയുള്ള ആരും വന്നില്ലേ മാഷേ”
“ആ താൻ 2001ൽ വന്ന ബാച്ചിലുള്ളതല്ലേ,ആരും ഇല്ലാന്നാ തോന്നണത് ട്ടോ, ഐഷ വിളിച്ചിരുന്നു,വരാൻ പറ്റില്ലെന്ന് പറഞ്ഞ്,ചെറിയ കുട്ടിയുള്ളതല്ലേ.വേറെ ആരുടേം വിവരമൊന്നുമില്ല.എല്ലാവക്കൊന്നും ക്ഷണക്കത്തും കിട്ടീട്ടുണ്ടാവില്ല,പഴേ വിലാസൊക്കെ മാറീട്ടുണ്ടാവും,പുതിയ ബാച്ച് കാരാ മിക്കവാറും വന്നിട്ടുള്ളത്,അനിയന്മാരേം,അനിയത്തിമാരേം ഒക്കെ പരിചയപ്പെട്ട്”.മാഷെ ആരോ വന്ന് വിളിച്ചു അപ്പൊഴേക്കും.
ഞാൻ ചായയുമായി ഒറ്റക്ക് നിന്നു.പുറകിൽ നിന്ന് ആരോ വിളിച്ചത് കേട്ട് ഞാൻ തിരിഞ്ഞു നോക്കി “മനസിലായോ,ഇല്ല അല്ലേ”
“ഇല്ല”
“ഞാനും 2001 ബാച്ചാണു,പക്ഷേ മിക്കവാറും ഞാൻ വരറില്ലായിരുന്നു,വന്നാലും നിങ്ങളുടെ ടീമിൽ ഇല്ലായിരുന്നു,എന്റെ പേരു നിഷാദ്”
“ഓ ഇപ്പോ എവിടേയാ”
“ഞാൻ കോഴിക്കോട് ആണു”
“ഉള്ളിൽ തുടങ്ങീന്ന് തോന്നുന്നു,കേറാം അല്ലെ”
“വാ”
ഓരോരുത്തരായി മുന്നിൽ ചെന്ന് നിന്ന് സ്വയം പരിചയപ്പെടുത്തി,പ്രതിഭാ സംഗമം (അതാണു ഈ സംരഭത്തിന്റെ പേരു)അനുഭവങ്ങൾ പറയുന്നു.എനിക്കത്ഭുതം തോന്നി,കുറച്ച് അസൂയയും,എത്ര മനോഹരമായാണു ഈ പ്രായത്തിലേ സംസാരിക്കുന്നത്.ഞാനും ഒരു ‘ചടങ്ങിനു’ കേറി പരിചയപ്പെടുത്തി.പുതിയ സുഹൃത്തുക്കളെ കുറേ പേരേ പരചയപ്പെട്ടു,മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്നവർ
ഉച്ചക്ക് ഊണു കഴിച്ച് മാഷോടും നിഷാദിനോടും യാത്ര പറഞ്ഞ് ഞാൻ ഇറങ്ങി.നല്ല വെയിലായിരുന്നു.പണ്ടൊക്കെ ഇവിടത്തെ പരിപാടിയെല്ലാം കഴിഞ്ഞാൽ ഞങ്ങളെല്ലവരും കൂടി ബസ് സ്റ്റാന്റ് വരെ നടക്കുമായിരുന്നു.എന്നാൽ പിന്നെ നടന്നു കളയാമെന്ന് ഞാൻ വിചാരിച്ചു.റോഡിലേക്കിറങ്ങി ചങ്കുവെട്ടി ലക്ഷ്യം വച്ച് നടന്നു.തൃശ്ശൂർ-കോഴിക്കോട് ബസ്സുകൾ ചീറി പാഞ്ഞ് പോകുന്നുണ്ടായിരുന്നു.ഓരോ ബസ് കടന്ന് പൊവുമ്പോഴും ഞാൻ ദൈവത്തോട് നന്ദി പറഞ്ഞു.കാരണം അത്രക്ക് ദൈവ കടാക്ഷം ഉണ്ടെങ്കിലേ ഈ റോഡിലൂടെ ഒരു കിലോമീറ്റർ ജീവനോടെ നടക്കാൻ പറ്റൂ.അന്നൊക്കെ ഒരു ഇട റോഡിലൂടെയാണു ഞങ്ങൾ പോയിരുന്നത്.പക്ഷേ എനിക്കത് കണ്ടുപിടിക്കാൻ പറ്റിയില്ല.കുറേ നടന്നു.കുറച്ച് ദൂരേ ചങ്കുവെട്ടി ജംക്ഷൻ കാണാം.പക്ഷേ ഇനി ഒരടി എനിക്ക് നടക്കാൻ വയ്യ,തളർന്ന് പോയി.ഓട്ടോയിൽ ഞാൻ ബസ് സ്റ്റാന്റിൽ പോയി ഇറങ്ങി.പെരിന്തല്മണ്ണയിലേക്കുള്ള ഒരു ബസ് നീങ്ങിത്തുടങ്ങിയിരുന്നു,ഞാൻ അതിൽ ചാടിക്കയറി.ഭാഗ്യം! സീറ്റുണ്ട്.ഞാൻ ചാരി ഇരുന്നു.നടന്ന ക്ഷീണം കൊണ്ടാവണം ഞാൻ കണ്ണടച്ച് പോയി.വീണ്ടും പഴയ വർണ്ണ ചിത്രങ്ങൾ എന്റെ മുന്നിൽ വന്നു നിന്നു."സോറി ചങ്ങായീ ലീവ് കിട്ടീലാ ,പരിപാട്യൊക്കെ ഉഷാറായില്ലേ "
ഈ തിരക്കു പിടിച്ച ജീവിതത്തിൽ ആശ്വാസമേകാൻ ഈ എസ് എം എസ് കണ്ട് പിടിച്ചതാരാണാവോ!

Saturday 28 July 2012

മോഹം


മോഹം 

നിൻ സ്വരം കേൾക്കാനായ്
നറു കുങ്കുമക്കുറി കാണാൻ
എൻ മാനസം കാതോർക്കയായ്
എൻ നെഞ്ചകം തുടി കൊൾകയായ്
ഒരു കുഞ്ഞു പൂവിൻ ഗന്ധമായ് നീ വാ
വിണ്ണിലേ പൊൻ താരകങ്ങൾ
മണ്ണിലേ പൂവല്ലികൾ
ചന്തമേറും വെണ്ണിലാവും
മാഞ്ഞ് പോം നീ പോവുകിൽ
പെയ്തു പോമീ വർഷകാലം
പൂവിടും നൽ വസന്തവും
എന്റെയുള്ളിൽ ചേർന്നിടുന്നു
നിന്നധരം പുഞ്ചിരിക്കിൽ

Wednesday 25 July 2012

കറുപ്പ്

കറുപ്പ് 

പ്രകാശ പൂരിതമല്ലിവിടെങ്ങും 
പ്രകാശമില്ലിവിടെങ്ങും 
നിശയാണിവിടെ കൊടും നിശ 
കാണുന്നില്ലവര്‍ അറിയുന്നില്ലവര്‍ 
മേഘമില്ലാതെ മഴ പെയ്യുന്നിവിടെ 
കണ്ണുനീര്‍ മഴയല്ലോ 
ഇരുട്ടിന്‍ മറവില്‍ ചിലര്‍ ചെയ്യുന്നു 
ക്രൂരം സ്വന്തം സോദരനോടും 
ചുറ്റും കറുപ്പ് അവര്‍ക്കുള്ളിലും കറുപ്പ് 
കണ്ണിലും ചോരയിലും കറുപ്പ് 
ചിന്തുന്നു നിശയില്‍ ചുവപ്പു  തുള്ളികള്‍ 

സ്നേഹതാരം

സ്നേഹതാരം 

അന്നാപ്പാടത്ത് കൊടും വെയിലത്ത് 
ആയിരമായിരം ഞാറവര്‍ നട്ടു 
കിട്ടിയ നാരായമരിയവര്‍ വെച്ചിട്ട് 
തന്‍ പൈതങ്ങളെ ഊട്ടി പോറ്റിയാള്‍ 
ഏറെയില്ല സംസാരമവര്‍ക്ക് 
സ്നേഹത്തിന്‍ ഭാഷ മൌനമല്ലോ 
പാതിവയര്‍ എരിഞ്ഞ യാമത്തിലും 
സ്നേഹമാം സന്ത്വനമേകിയാള്‍ അവര്‍ക്ക് 
പാട വരമ്പത്തിരുന്നു കരഞ്ഞ തന്‍ 
കുഞ്ഞിനെ ചേറു പുരണ്ട കയ്യുമാ-
യെടുത്തു കൊടുത്തമ്മ മധുരം 
തുളുമ്പുന്ന മാതൃസ്നേഹം 
ജീവിത യാത്രയില്‍ ഏറെ തളര്‍ന്നിട്ടും 
മക്കളെ ചേര്‍ത്തു പിടിച്ചവര്‍ മാറോട് 
ദൂരെ ആകാശ താഴ്‌വരയില്‍ അങ്ങൊരു 
സ്നേഹ താരമായ് ഇന്നവര്‍ നില്‍ക്കുന്നു 

സുഹൃത്ത്

സുഹൃത്ത് 


വന്നതെന്തിനു നീ ഇതുപോല്‍ 
വിട പറയാനായിരുന്നെങ്കില്‍ 
സ്വപ്‌നങ്ങള്‍ നെയ്തൊരെന്‍ നെഞ്ചകത്തെ 
തകര്‍ത്തിവണ്ണം പോകുവാനെങ്കില്‍ 
നാളുകളേറെയായ് സ്വരുക്കൂട്ടി വച്ചൊ-
രെന്‍ കൊച്ചു സ്വപ്നങ്ങളെല്ലാം 
കൊടുങ്കാറ്റിലകപ്പെട്ട കരിയില 
കണക്കെ പറത്തിക്കളഞ്ഞങ്ങു പോയ് നീ 
ഒട്ടേറെ ആശകള്‍ കുത്തി നിറച്ചിതെന്‍ ചിത്തത്തില്‍ 
അന്ന് നീ കൊട്ടിയടച്ചു നിന്‍ മനോ ജാലകം ,
തെല്ലൊന്നു നോക്കുവാന്‍ കൂടി അയക്കാതെ .
അശ്രു പൊടിഞ്ഞില്ല വിശ്വാസമറ്റില്ല 
വച്ചു നിന്‍ വിഗ്രഹം എന്‍ മനക്കോവിലില്‍ 
അര്‍പിച്ചു നിത്യവും സ്നേഹവും എങ്കിലും 
തന്നതില്ല നീ ഉള്ളില്‍  നിന്നൊരു പുഞ്ചിരി 
വീണ്ടുമാഴ്ച്ചകള്‍ മാസങ്ങള്‍ കാലം കടന്നു പോയ്‌ 
ഒരു ദിനം വീണ്ടുമൊരു ദിനം 
ചോദിച്ചു പോയ്‌ ഞാന്‍ തെല്ലുമറിയാതെ വൃഥാ.
പോയ്‌ കൊള്‍ക വിട്ടു പോയ്‌ക്കൊള്‍ക എന്നാ 
വാക്കുകള്‍ കേട്ടൊരു മാത്രയില്‍ 
കണ്‍ നിറഞ്ഞു എന്‍ മനമൊഴിഞ്ഞു 
പ്രിയ സുഹൃത്തേ നീ വിട ചൊല്ലിയകന്നാലും 
മറയില്ല നീ എന്‍ മനസ്സില്‍ നിന്നും 

വര്‍ണ്ണങ്ങള്‍

വര്‍ണ്ണങ്ങള്‍ 

മലരിലെ മണമേ മഴവില്‍ വര്‍ണ്ണമേ 
താരക രാജ്ഞിമാര്‍ മോദത്താല്‍ വാഴുന്ന 
ആകാശ ഗോപുരത്തിലെ പൂര്‍ണ്ണിമയെ 
ഇളവെയില്‍ പൊഴിയുന്ന പുലരിയില്‍ 
അന്നുനാം അറിയാതെ ഒരു മാത്ര നോക്കി നിന്നു 
പറയുവാനുള്ളൊരായിരം കാര്യങ്ങള്‍  ഒരു 
മന്ദഹാസത്തിലോളിച്ചു വച്ചു 
എന്‍ മാറിലായ് ചാഞ്ഞില്ലയെങ്കിലും 
അറിഞ്ഞിതെന്‍ ഹൃദയതാളം നീ  നന്നായ് 
അലയടിക്കുമെന്‍ സ്നേഹത്തിരകള്‍ 
നിന്‍ മനോ തീരത്തില്‍ , എങ്കിലും 
സ്വാഗതം ചെയ്യില്ല നിന്നെയെന്‍ 
നിത്യദു:ഖ ജീവിതത്തിലേക്കൊരിക്കലും 

അമ്മ

                                               
                                                 അമ്മ 



കണ്ണുനീര്‍ തുള്ളികള്‍ മഴ കൊണ്ട് പൊതിയുന്ന 
നന്മതന്‍ മൂര്‍ത്തിയാം എന്‍റെയമ്മ 
തെല്ലോട്ട് സങ്കടം ഉള്ളിലോതുക്കീട്ട് 
പുഞ്ചിരി തൂകുന്ന ദിവ്യരൂപം 
ഓര്‍ത്തെടുത്താലേറെ ഏറെയുണ്ടാമ്മ തന്‍ 
സ്നേഹ വാത്സല്യ നിര്‍ഭര നിമിഷങ്ങള്‍ 
വാക്കുകളില്ലമ്മ തന്‍ സ്നേഹമെഴുതുവാനാ-
യിരം വാക്കുകള്‍ നിഷ്പ്രഭം അമ്മതന്‍ അന്പിതില്‍ 
ഉള്ളില്‍ അഗ്നിനാളമെരിയുംപോഴും അതിന്‍ 
താപമൊട്ടും പകരില്ല പോന്നോമാനക്കമ്മ 
നെറുകയില്‍ ഒരൊറ്റരുമ്മ കൊണ്ടാമ്മ നല്‍കുന്നു 
സ്വര്‍ഗവസന്തങ്ങളുണ്ണിതന്‍ ഉള്ളിലും