Saturday 3 November 2012

ദു:ഖപുത്രി

ശീതീകരിച്ച മുറി.അവളുടെ ചുണ്ടുകൾ വിളറിയിരുന്നു.കണ്ണുകൾ അടഞ്ഞു തന്നെ ഇരുന്നു.നിദ്ര,ദിവസങ്ങളായുള്ള നിദ്ര.കൺകോണുകളിൽ ഇടക്കിടെ അശ്രുകണങ്ങൾ ഒഴുകി ചെവിയിലേക്കും കിടക്കയിലേക്കും വീഴുന്നു.ചെയ്തു തീർക്കാൻ ബാക്കിവെച്ച കാര്യങ്ങൾ അലോസരപ്പെടുത്തുന്നതു പോലെ ചുണ്ടുകൾ ഇടക്കിടെ പതുക്കെ ചലിച്ചു,മുടിച്ചിന്തുകൾ വീണുകിടക്കുന്ന നെറ്റിയിൽ ചുളിവുകൾ പ്രത്യക്ഷപ്പെടുന്നു.
           ആറു ദിവസങ്ങൾക്കു മുൻപ്‌,ഒരു വലിയ ശബ്ദം,ഒരമ്പരപ്പ്‌,ഒരു വേദന കുറേ ചോരത്തുള്ളികൾ,ഉറ്റ ചൻഗാതിയുടെ മുഖം രക്തവൃതമാകുന്നത്‌ അവൾക്ക്‌ കാണാമായിരുന്നു.കഴ്ച്ച മങ്ങി,മഞ്ഞു വീണ ചില്ലിലൂടെന്ന പോലെ അവ്യക്തമായ ചലനങ്ങൾ,ശബ്ദങ്ങൾ,പിന്നെ ഇരുട്ട്‌.
          അന്ന് മിങ്ഗോര താഴ്‌വരയിലെ മഞ്ഞപ്പൂക്കൾ നിറഞ്ഞ മരങ്ങൾ, പൂക്കൾ പൊഴിച്ച്‌ അവൾക്ക്‌ പുഷ്പപാത ഒരുക്കി കൊടുത്തു.ഒരു ശബ്ദം മാത്രം ആ താഴ്‌വരയാകെ ഉയർന്നു കേട്ടു,അത്‌ അവളുടേതായിരുന്നു.ഒരു ചെവികളും അത്‌ കേൾക്കുകയല്ല ഉണ്ടായത്‌,പകരം ആയിരം മനസ്സുകൾ അത്‌ ഉള്ളിൽ സ്വീകരിച്ച്‌ അനേകം വിപ്ലവ ചിന്തകൾക്ക്‌ ജന്മം നൽകി.
        ഒരിക്കൽ അവൾ പറയുകയുണ്ടായി,തന്നെക്കുറിച്ച്‌ പത്രത്തിൽ വന്ന ഒരു ലേഖനം തന്റെ പിതാവിനെ കാണിച്ച്‌ ഒരാൾ പറഞ്ഞു "നമ്മുടെ താഴ്‌വരയിലെ ഒരു പെൺകുട്ടിയെ കുറിച്ചുള്ളതാണത്രെ,ഇത്ര ചെറുപ്പത്തിലെ,അവൾ ഭാഗ്യവതിയാൺ " അത്‌ തന്റെ മകളെക്കുറിച്ചാണെന്ന് പറയാൻ ആ പിതാവിനു കഴിഞ്ഞില്ല,ഒരു പുഞ്ചിരി മാത്രം മറുപടിയായ്‌ നൽകി.
           അവൾ അറിവിനെ പ്രേമിച്ചു.കൂടുതൽ കൂടുതൽ ഉള്ളിലേക്കിറങ്ങി അതിന്റെ മധുരം നുകരാൻ അവൾ ആശിച്ചു.എന്നെന്നേക്കുമായി അവളുടെ സ്കൂൾ കവാടം അടഞ്ഞപ്പോൾ അവൾ വിതുമ്പി.തന്റെ ദു:ഖം ഉള്ളിലൊതുക്കിയും കണ്ണീർ ഒഴുക്കിയും തീർക്കുന്ന ഒരു സധാരണ പെൺകുട്ടിയാകാൻ അവൾക്ക്‌ കഴിഞ്ഞില്ല.അവൾ ഉറക്കെ പറഞ്ഞു " ഇത്‌ ഞങ്ങളുടെ അവകാശമാണു " ആ ശബ്ദം താഴ്‌വരകൾ കടന്നു പോയി. മലകൾക്ക്‌ മേൽ ഉയർന്ന് അത്‌ ജ്വലിച്ചു.താൻ നേടിയെടുത്ത അവകാശത്തെ പറ്റി അവൾ അഭിമാനം കൊണ്ടു,സന്തോഷിച്ചു.
    ആ ദിവസം,സ്കൂൾ ബസിൽ കൂട്ടുകാർക്കൊത്ത്‌ കഥ പറഞ്ഞും പഠിപ്പിച്ചും പഠിച്ചും അവൾ ഇരുന്നു.ബസ്സ്‌ പൊടുന്നനെ നിന്നു.തന്റെ പേരു പറഞ്ഞ്‌ പുറത്ത്‌ നിന്ന് ആരോ അന്വേഷിക്കുന്നു.അവൾ പുറത്തേക്ക്‌ നോക്കി തോക്ക്‌ ധാരികളായ രണ്ട്‌ പേർ എല്ലാ ഉറക്കത്തിലും ഏകാന്തതയിലും താൻ പ്രതീക്ഷിച്ച...അതെ...അവർ തന്നെ.ഒരു വലിയ ശബ്ദം,ഒരമ്പരപ്പ്‌,ഒരു വേദന,കുറേ ചോരത്തുള്ളികൾ......

5 comments:

  1. അത് അവളാണല്ലേ...?

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. Malala Yousufzai....the brave young girl...salute u...get well soon.

    jithin, good attempt...nee enne ezhuthi kaanicha kavitaka,..do publish them...

    ReplyDelete
  4. നന്നായിട്ടുണ്ട് ജിത്തൂ...!
    കൂടുതൽ എഴുതാൻ, എഴുതിത്തെളിയാൻ ആശംസകൾ!

    ReplyDelete
  5. നന്നായിട്ടുണ്ട് രാജകുമാരാ ...:) ഞാന്‍ അല്‍പ്പം താമസിച്ചു പോയി

    ReplyDelete